വളരെ ശ്രമപ്പെട്ടാണ് ഡ്രൈവർ ഷാജഹാനെ കാറിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: പിൻചക്രം ഊരിത്തെറിച്ചതിന് പിന്നാലെ ലോറി കാറിലിടിച്ച് അപകടം (Accident). തിരൂരങ്ങാടി ദേശീയപാതയിൽ (National Highway) പാലക്കലിലാണ് അപകടമുണ്ടായത്. വളാഞ്ചേരിയിലേക്ക് വളവുമായി പോകുന്ന ലോറിയുടെ ചക്രമാണ് ഊരിത്തെറിച്ചത്. പിന്നാലെ ലോറി കാറിൽ ഇടിച്ചു. ലോറി ഇടിച്ചതോടെ മുൻവശം തകർന്ന കാറിൽ ഡ്രൈവർ കുടുങ്ങി. തേഞ്ഞിപ്പാലം സ്വദേശി ഷാജഹാനാണ് കുടുങ്ങിയത്.
വളരെ ശ്രമപ്പെട്ടാണ് ഷാജഹാനെ കാറിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന വളച്ചാക്കുകൾ റോഡിൽ വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. താനൂരിൽ നിന്ന് അഗ്നിശമന സേനയെത്തി. നാട്ടുകാരും സേനയും പൊലീസും ചേർന്ന് വളം മറ്റൊരു ലോറിയിലേക്ക് മാറ്റി.
പൊലീസിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. അമിത ഭാരവും വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 100 ഓളം ചാക്കുകളാണ ലോറിയിൽ ഉണ്ടായിരുന്നത്.
