ജീപ്പിൽ നിന്നും പ്രതികളെ പുറത്തിറക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വൈശാഖിന്റെ കൈയിൽ പിടിച്ച താജുദ്ദീൻ വിലങ്ങ് ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു
തിരുവനന്തപുരം: റിമാന്‍ഡ് ചെയ്യാന്‍കൊണ്ടുപോയ വിലങ്ങൂരി രക്ഷപെട്ടു. ഇരുട്ടിൽ ക്ഷേത്ര വളപ്പിൽ ഒളിച്ചിരുന്ന പ്രതിയെ മറവിൽ മണിക്കൂറുകൾക്കുളളിൽ പ്രതിയെ പിടികൂടി പൊലീസ്. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽനിന്ന് മോഷണം നടത്തിയ കേസിൽ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത റംസാൻകുളം വീട്ടുവിളാകം സ്വദേശി താജുദ്ദീൻ( 24) ആണ് നെയ്യാറ്റിന്‍കര സബ് ജയിലിന് മുന്നിൽനിന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ രക്ഷപ്പെട്ടത്.
കേസിലെ മൂന്നാം പ്രതിയായ താജുദീനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്. പോക്സോ കേസിൽ പ്രതിയായ വൈശാഖിനെയും മോഷണക്കേസിൽ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി നിഷ(24) എന്ന യുവതിയെയും ഇവർക്കൊപ്പം റിമാൻഡ് ചെയ്യുന്നതിനായി മജിസ്ട്രേറ്റിൻ്റെ വസതിയിൽ എത്തിച്ചിരുന്നു.
മൂന്നുപ്രതികളുടെയും റിമാൻഡ് നടപടികൾ പൂർത്തീകരിച്ചശേഷം ജീപ്പിൽ കയറ്റി എസ്ഐയും സംഘവും നെയ്യാറ്റിൻകര സബ്‌ജയിലിൻ്റെ മുന്നിലെത്തി. ജീപ്പിൽ നിന്നും പ്രതികളെ പുറത്തിറക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വൈശാഖിന്റെ കൈയിൽ പിടിച്ച താജുദ്ദീൻ വിലങ്ങ് ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസ് സംഘം പുറകെ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് വിഴിഞ്ഞം പൊലിസ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ച് സമീപ പ്രദേശങ്ങളിലും ബസ് സ്റ്റാൻഡ് അടക്കമുള്ള സ്ഥലങ്ങളിലും തെരച്ചിൽ നടത്തിതോടെ പുലർച്ചെ ഒന്നരയ്ക്ക് ജയിലിന് സമീപത്തെ വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളായ താജുദീൻ്റെ അനുജൻ നജുമുദ്ദീൻ, സുഹൃത്ത് ഹാഷിം എന്നിവർ നെയ്യാറ്റിൻകര ജയിലിൽ റിമാൻഡിലാണ്.
