മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുകയോ ചെയ്യാത്ത പ്രതിയെ രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. ഹെൽമെറ്റ് വെക്കാതെ ഇയാൾ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം വാഹനത്തിൻ്റെ യഥാർഥ ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ മെസ്സേജ് വന്നതാണ് ഇയാളെ കണ്ടെത്താന്‍ സഹായമായത്

തിരുവനന്തപുരം: 35 വർഷത്തിനിടെ വിവിധ ജില്ലകളിൽ അമ്പതിലധികം മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങൾ നടത്തിയ 53 കാരനെ കുടുക്കിയത് മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർഥ ഉടമയ്ക്ക് ലഭിച്ചപ്പോൾ. തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണ കേസുകളിൽ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യൻ (53) നെയാണ് കീഴ്‌വായ്‌പൂര് പൊലീസ് പിടികൂടിയത്.

വിവിധ കേസുകളിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ കഴിഞ്ഞ് മാർച്ചിൽ ഇറങ്ങിയ ബിജു മാർച്ച് 26ന് വെമ്പായത്തുനിന്ന് മോട്ടോർ സൈക്കിളും, 27 ന് അടൂരിൽ നിന്ന് സൈലോ കാറും മോഷ്ടിച്ചിരുന്നു. 28 ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച ശേഷം രണ്ടര പവൻ വരുന്ന മാല മോഷ്ടിച്ചു പിന്നാലെ മല്ലപ്പള്ളി മാലുങ്കലുള്ള വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏപ്രിൽ 6ന് ഏറ്റുമാനൂരിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചു. മല്ലപ്പള്ളി ആനിക്കാട് റോഡിലെ കെ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് തകർത്ത് 31,500 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചു. അടുത്ത ദിവസം രാവിലെ പത്തേകാലോടെ മോഷ്ടിച്ച വാഹനത്തിൽ തിരുവനന്തപുരത്ത് പാങ്ങോട് ഭാഗത്ത് ഹെൽമെറ്റ് വെക്കാതെ ഇയാൾ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം വാഹനത്തിൻ്റെ യഥാർഥ ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ മെസ്സേജ് വന്നതോടെയാണ് പ്രതിയെ പൊലീസിനു തിരിച്ചറിയാൻ സഹായകമായത്. 

ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം തിരുവനന്തപുരത്ത് മോഷ്ടിച്ച കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ. മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുകയോ ചെയ്യാത്ത പ്രതിയെ രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് എച്ച് വിപിൻ ഗോപിനാഥ് ,എസ് ഐ മാരായ ആദർശ്, സുരേന്ദ്രൻ, സി പി ഓ അൻസിം, രതീഷ്, വിഷ്ണു, ദീപു, ഷെഫീഖ്, ശരത്ത്, എസ് ഐ അജു, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇഞ്ചികൃഷി പതിവായി നശിപ്പിച്ചിരുന്ന അരിക്കൊമ്പന് ഇടുക്കിയില്‍ സ്മാരകം, ബാബു ചേട്ടന്‍ വേറെ ലെവലാണ്


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player