സീലിംഗ് അടർന്നു വീണതോടെ മാലിന്യങ്ങൾ കാത്തിരുപ്പ് കേന്ദ്രത്തിനുള്ളിലേക്ക് വീണു ദുർഗന്ധം നിറഞ്ഞത് യാത്രക്കാരെ വലച്ചു
മാന്നാർ: മാന്നാർ സ്റ്റോർ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രത്തിന്റെ പി വി സി സീലിംഗ് അടർന്ന് വീണ് അപകടം. സംഭവത്തിൽ ബസ് കാത്തിരുന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കെട്ടിടത്തിന്റെ പുറത്ത് നിന്നിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പാണ്ടനാട് സ്വദേശി ഷിജു (31) വിനാണ് അപകടത്തിൽ പരിക്കേറ്റത്. ഷിജിവിന്‍റെ ദേഹത്തേക്കാണ് സീലിങ്ങിന്റെ ഭാഗം അടർന്ന് വീണത്.
ഇരുപത് വർഷത്തോളം പഴക്കമുള്ള പി വി സി സീലിങ്ങിന്റെ ഇളകി വീണ പല ഭാഗത്തും ഫ്ളക്സ് ബോർഡുകൾ കയറ്റി വെച്ചിരിക്കുകയായിരുന്നു. പ്രാവുകളുടെ വിഹാര കേന്ദ്രമായ സിലിങ്ങിന് മുകൾവശം കാഷ്ഠവും മറ്റു മാലിന്യങ്ങളും നിറഞ്ഞ് മലിമസമായിരുന്നു. സീലിംഗ് അടർന്നു വീണതോടെ മാലിന്യങ്ങൾ കാത്തിരുപ്പ് കേന്ദ്രത്തിനുള്ളിലേക്ക് വീണു ദുർഗന്ധം നിറഞ്ഞത് യാത്രക്കാരെ വലച്ചു.
വിവരം അറിഞ്ഞെത്തിയ മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ അടർന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് ബസ് കാത്തിരുപ്പ് കേന്ദ്രം വൃത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കാഞ്ഞങ്ങാട് സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ ( 4 ) ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയാണ് ബസ് തട്ടിയുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെയാണ് ആയിഷ അപകടത്തിൽപ്പെട്ടത്. ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
