ചാലക്കുടി: എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മദ്യം കിണറ്റിലെ വെള്ളത്തില്‍ കലര്‍ന്നത് സ്ഥലത്തെ താമസക്കാരുടെ കുടിവെള്ളം മുട്ടിച്ചു. ഫെബ്രുവരി മൂന്നിന് തൃശൂരിലാണ് സംഭവം. 18 കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറ്റിലാണ് മദ്യം കലര്‍ന്നത്. മദ്യം കലര്‍ന്ന വെള്ളം ഉപയോഗിക്കാനാവാതെ വന്നതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. 

ദിനചര്യകള്‍ക്കും അടുക്കള ജോലികള്‍ക്കും ഉപയോഗിക്കാന്‍ വെള്ളമില്ലാതെ വന്നതോടെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും മുതിര്‍ന്നവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് ഇവര്‍ക്ക് ശുദ്ധജലം എത്തിച്ച് നല്‍കുകയായിരുന്നു. എക്സൈസ് അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി കിണര്‍ ശുചീകരിച്ചു. 

Read More: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പുലർച്ചെ റോഡരികില്‍ പ്രസവം; യുവതിക്ക് തുണയായി കനിവ് 108 ആംബുലൻസ്

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാര്‍ ആറുവര്‍ഷം മുമ്പ് പൂട്ടിയപ്പോള്‍ ബാറിനകത്ത് എക്സൈസ് സീല്‍ ചെയ്ത് വെച്ച മദ്യമാണ് ന്യൂ സോളമന്‍സ് അവന്യൂവിന്‍റെ കിണറിന് സമീപം ബാറിന്‍റെ സ്ഥലച്ച്  കുഴിയുണ്ടാക്കി ഒഴിച്ചു കളഞ്ഞത്. എന്നാല്‍ മദ്യം തൊട്ടടുത്തുള്ള ന്യൂ അവന്യൂ ഫ്ലാറ്റിലെ താമസക്കാരായ 18 കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറ്റിലേക്ക് എത്തുകയായിരുന്നു. ആയിരത്തിലധികം ലിറ്റര്‍ മദ്യമാണ് എക്സൈസ് നശിപ്പിച്ചത്.