പരിമിതികളുണ്ട്, പക്ഷേ മനസിലെ സ്നേഹത്തിന് അതിരുകളില്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി അനിരുദ്ധ്
ശാരീരിക പരിമിതികളുണ്ട് അനിരുദ്ധിന്. പക്ഷേ മനസിലെ മനുഷ്യ സ്നേഹത്തിന് പരിമിതികളില്ല. അതുകൊണ്ടാണ് വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് തന്നാലാവുന്ന സഹായവുമായി അനിരുദ്ധ് വീല്‍ചെയറില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയത്.
കൊച്ചി: രോഗം സൃഷ്ടിച്ച ശാരീരിക വിഷമതകൾക്കിടയിലും വയനാട്ടിലെ മനുഷ്യര്‍ക്കായി തന്‍റെ കൊച്ചു സമ്പാദ്യം മാറ്റിവച്ച് ഒരു സ്കൂള്‍ വിദ്യാര്‍ഥി. സെറിബ്രല്‍ പാള്‍സി ബാധിതനായ കൊച്ചിയിലെ അനിരുദ്ധ് എന്ന ഒൻപതാം ക്ലാസുകാരനാണ്, പതിനായിരം രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. നിലവിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ശാരീരിക പരിമിതികളുണ്ടെങ്കിലും അനിരുദ്ധിൻ്റെ മനസിലെ മനുഷ്യ സ്നേഹത്തിന് പരിമിതികളില്ല. അതുകൊണ്ടാണ് വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് തന്നാലാവുന്ന സഹായവുമായി അനിരുദ്ധ് വീല്‍ചെയറില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയത്. അച്ഛന്‍ ഗോപകുമാറിന്‍റെയും അമ്മ ധന്യയുടെയും സ്നേഹ തണലിലാണ് സെറിബ്രല്‍ പാള്‍സി ബാധിതനായ ഈ ഒമ്പതാം ക്ലാസുകാരന്‍ രോഗം സൃഷ്ടിച്ച പരിമിതികളെ മറികടക്കുന്നത്.
ഭയങ്കര സങ്കടം തോന്നി. കാണാനേ കഴിയില്ല. കുറേ പേരുടെ വീടും ജീവനും നഷ്ടമായി. ഇനി ഒന്നിൽ നിന്ന് തുടങ്ങണം അവരുടെ ജീവിതമെന്ന് പറയുന്നു അനിരുദ്ധ്. നമ്മളെല്ലാവരും ഒന്നിച്ച് കഴിഞ്ഞാൽ അവർക്ക് വേണ്ട സഹായം ചെയ്യാൻ കഴിയും. നമ്മൾ പരസ്പരം സഹായിച്ചാൽ മാത്രമേ മനുഷ്യന് വാല്യു ഉണ്ടാവുകയുള്ളൂ. നമുക്കറിയാവുന്നവർ മാത്രമല്ല സുഹൃത്തുക്കൾ, അവർക്കൊരു ബുദ്ധിമുട്ട് വന്നാൽ നമ്മളും സഹായിക്കണം.-അനിരുദ്ധ് പറയുന്നു. പ്രതിസന്ധിയിലായ വയനാട്ടുകാരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ എല്ലാവരുടെയും സ്നേഹ സഹായങ്ങള്‍ അഭ്യര്‍ഥിക്കുകയുമാണ് അനിരുദ്ധ്.
ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ