പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട്: പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു കെഎസ്‌യു പ്രവർത്തകൻ്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ കോൺഗ്രസ് സംഘം ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറി. പിന്നാലെ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തി. ഇതിലാണ് ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
സംഭവത്തില്‍ ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേക്കാട് സ്വദേശികളായ 5 ബിജെപി പ്രവർത്തകരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 12 മണിയോടെയാണ് ബിജെപി പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്‌യു പ്രവർത്തകർ എന്നിവരെ ആക്രമിച്ചത്.




