കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കറവക്കായി തൊഴുത്തിൽ എത്തിയത്തിയപ്പോഴാണ് കടിച്ചു കൊന്നനിലയിൽ പശുക്കിടാവിനെ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് മുതുകുളത്തെ വിവിധ ഭാഗങ്ങളിലായി 20-പേരെ തെരുവു നായ ആക്രമിച്ചിരുന്നു.
ഹരിപ്പാട്: പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ക്ഷീര കർഷക മുതുകുളം തെക്ക് ബിനു ഭവനത്തിൽ (പാണ്ഡാലക്കുന്നേൽ) സുമിത്രയുടെ വീട്ടിലെ ആറ് മാസം പ്രായമുളള പശുക്കിടാവിനെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കറവക്കായി തൊഴുത്തിൽ എത്തിയത്തിയപ്പോഴാണ് കടിച്ചു കൊന്നനിലയിൽ പശുക്കിടാവിനെ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് മുതുകുളത്തെ വിവിധ ഭാഗങ്ങളിലായി 20-പേരെ തെരുവു നായ ആക്രമിച്ചിരുന്നു.
അതേസമയം, ഇന്ന് തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണമുണ്ടായി. എട്ട് പേർക്കാണ് കടിയേറ്റത്. കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടിൽ കയറി ചെന്നാണ് കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നുണ്ട്. പലർക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്തും വളർത്തു മൃഗങ്ങളെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. പാറശ്ശാല ഇടിചക്കപ്ലാമൂട്ടിൽ തെരുവ് നായ്ക്കൾ എട്ട് ആടുകളെയും 17 കോഴികളെയുമാണ് കടിച്ചുകൊന്നത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ഇടിച്ചക്കപ്ലാമൂട് മുസ്ലിം പള്ളിക്ക് സമീപം ഷാജഹാന്റെ വീട്ടിൽ വളർത്തുന്ന ആടുകളെയും കോഴികളെയുമാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
ആടും കോഴിയും വളർത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് ഷാജഹാൻ. കൊല്ലപ്പെട്ട ആടുകളിൽ മൂന്ന് എണ്ണം ഗർഭിണിയായിരുന്നു. പ്രദേശത്ത് അടുത്തിടെയായി തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നതാണ് തെരുവ് നായ ശല്യം കൂടാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
