ചേർത്തല മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാരൻ സാഹസികമായി പിടികൂടി. മൽപ്പിടുത്തത്തിൽ പരിക്കേറ്റെങ്കിലും പ്രതിയെ കീഴടക്കി പൊലീസിലേൽപ്പിക്കുകയായിരുന്നു.
ചേർത്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സ്വദേശിയായ യുവാവിനെ നാട്ടുകാരൻ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ ബധിരനും മൂകനുമായ യുവാവാണ് പിടിയിലായത്. ചേർത്തല നഗരസഭ 23-ാം വാർഡിലെ മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയദേവൻ (52) ആണ് കള്ളനെ സാഹസികമായി കീഴടക്കിയത്. പിടികൂടുന്നതിനിടെയുണ്ടായ ശക്തമായ മൽപ്പിടുത്തത്തിൽ റോഡിലേക്ക് വീണ് ജയദേവന്റെ നെഞ്ചിനും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലെ കുത്തുവിളക്ക് ഊരിയെടുത്ത് കാണിക്കവഞ്ചി കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നത്. വീടിനുള്ളിൽനിന്ന് നോക്കിയപ്പോൾ കാണിക്കവഞ്ചി തുറക്കാൻ ശ്രമിക്കുന്നയാളെ കണ്ടതിനെത്തുടർന്ന് ഇയാൾ ഉടൻ തന്നെ പുറത്തേക്കിറങ്ങുകയായിരുന്നു. ജയദേവനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇയാൾ പിന്നാലെയെത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്നുണ്ടായ പിടിവലിക്കൊടുവിലാണ് പ്രതിയെ കീഴടക്കിയത്.
ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പ്രതിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയിടുകയും വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ചേർത്തല പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ക്ഷേത്രവളപ്പിലെ മറ്റൊരു കാണിക്കവഞ്ചിയിൽനിന്ന് കവർന്ന പണം പ്രതിയുടെ പോക്കറ്റിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുറച്ച് പൈസാ കാണിക്കവഞ്ചിക്കു സമീപം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു.
പ്രതിയിൽനിന്ന് ബുധനാഴ്ച ഗുരുവായൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും പോലീസ് കണ്ടെടുത്തു. ആലപ്പുഴ കടപ്പുറത്ത് കുതിരസവാരി നടത്തുന്നയാളുടെ സഹായിയായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയ്യാളുടെ പേരോ സ്വദേശമോ ഒന്നും നിർണയിക്കുന്ന ഒരു രേഖ പോലും ഇയ്യാളുടെ പക്കൽ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ ദേശീയപാതയോരത്തെ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിലും മുത്താരമ്മൻ കോവിലിലും കാണിക്കവഞ്ചികൾ മോഷണം പോയിരുന്നു. ഈ കേസുകളിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുള്ളതിനിടെയാണ് പുതിയ സംഭവം. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തി ഇത്തരം മോഷണങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ചേർത്തല പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














