താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ നാളെ ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതല്‍ ഇടവിട്ട് ഗതാഗതം തടയുന്നതിനാല്‍ യാത്രക്കാര്‍ സമയം ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കല്‍പ്പറ്റ: അവധി ദിനങ്ങളിലടക്കം അതിരൂക്ഷമായ ഗതാഗതകുരുക്ക് യാത്രമുടക്കുന്ന താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട കൂറ്റന്‍ മരങ്ങള്‍ ലോഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ചുരം റോഡില്‍ ഗതാഗതം തടയുന്നത്. വലിയ മരത്തടികള്‍ ആയതിനാല്‍ തന്നെ ഇവ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റേണ്ടതുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും. എയര്‍പോർട്ട്, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.
യുവതി കുഴഞ്ഞുവീണത് ആശങ്കയായി
കഴിഞ്ഞ മാസം 23ന് താമരശ്ശേരി ചുരത്തില്‍ കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യാത്രാമധ്യേ യുവതി കുഴഞ്ഞു വീണത് ആശങ്കയായിരുന്നു. അവധി ദിവസമായ നവംബര്‍ 23 ഞായറാഴ്ച കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ചുരം തിരഞ്ഞെടുത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അന്ന് വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും പൂർണ്ണമായി സാധാരണ നിലയിലാക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, ലോറി കുടുങ്ങി ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്. നവംബര്‍ 12ന്ചുരം ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഒടുവിൽ ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. അതിന് മുമ്പുള്ള ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്.


