കോള്‍ ചെയ്യുന്ന പോലെ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതിനിടെ അലിയോട് ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തുടയ്ക്കാന്‍ ആവശ്യപ്പെട്ടു. അലി ഓട്ടോയില്‍ നിന്നിറങ്ങി ഗ്ലാസ് തുടയ്ക്കുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. 

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളിയോട് ഓട്ടോറിക്ഷ ഡ്രൈവറുടെ കൊടും ചതി. അതിഥി തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ തന്ത്രത്തില്‍ കൈക്കലാക്കി ഓട്ടോറിക്ഷ ഡ്രൈവർ മുങ്ങി. കടന്നമണ്ണ പാറപ്പുറത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ മുന്നാർ അലി എന്നയാളുടെ പുതിയ ഫോണാണ് ഓട്ടോക്കാരൻ കവർന്നത്. അടുത്തിടെ 8000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ഫോണ്‍. ഒരു കോള്‍ വിളിക്കാനെന്ന് പറഞ്ഞ് മൊബൈൽ ഫോണ്‍ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രി പൂഴിക്കുന്ന് യു.കെ പടിയിലാണ് സംഭവം. മങ്കടയിലേക്കുള്ള യാത്രയിലായിരുന്നു അതിഥി തൊളിലാളി. രാത്രി വൈകിയതോടെ മങ്കടയിലേക്കുള്ള ബസ് കിട്ടിയില്ല. തുടര്‍ന്ന് ആ വഴി വന്ന ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രക്കിടെ വള്ളിക്കാപറ്റ യു.കെ പടിയിൽ വിജനമായ സ്ഥലത്ത് ഡ്രൈവര്‍ ഓട്ടോറിക്ഷ നിർത്തി. ഒരു കോള്‍ ചെയ്യണമെന്നും തന്‍റെ ഫോണില്‍ ബാലന്‍സ് ഇല്ല എന്നും പറഞ്ഞ് അലിയുടെ മൊബൈൽ വാങ്ങി. കോള്‍ ചെയ്യുന്ന പോലെ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതിനിടെ അലിയോട് ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തുടയ്ക്കാനും ആവശ്യപ്പെട്ടു. അലി ഓട്ടോയില്‍ നിന്നിറങ്ങി ഗ്ലാസ് തുടയ്ക്കുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. 

Read More :  അമ്മയ്ക്കും അനുജത്തിക്കും വാഹനാപകടം, കൂടെ വരണമെന്ന് യുവാവ്; തട്ടിക്കൊണ്ടുപോകല്‍ പൊളിച്ച് പതിനൊന്നുകാരി

ഡ്രൈവറുടെ പെട്ടന്നുള്ള നീക്കത്തില്‍ അലി അമ്പരന്നു. ഓട്ടോയില്‍ പെട്ടന്ന് പിടിച്ചു തൂങ്ങിയെങ്കിലും വേഗതയില്‍ തെറിച്ച് റോഡിൽ വീണു അലിയുടെ കൈയിൽ നിന്നും ഓട്ടോ ഡ്രൈവർ പെട്രോൾ അടിക്കാനാണെന്ന് പറഞ്ഞ് 200 രൂപയും വാങ്ങിയിരുന്നു. പിന്നീട് അലി മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തായാലും തങ്ങളുടെ നാട്ടിലെത്തി ഒരു പാവത്തിനെ പറ്റിച്ച വിരുതനെതിരെ സമാന്തര അന്വേഷണവുമായി ഓട്ടോ തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ് പൊലീസും ഓട്ടോക്കാരും.

Read More :  മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍