ചൂണ്ടിക്കല്‍ ജംഗ്ഷനില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 12 അടിയലധികം താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ തെരുവുനായ ചാവുകയും ചെയ്തു.

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോട് കൂടിയായിരുന്നു അപകടം. ചൂണ്ടിക്കല്‍ ജംഗ്ഷനില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 12 അടിയലധികം താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ തെരുവുനായ ചാവുകയും ചെയ്തു. പ്രദേശവാസികള്‍ ഓടികൂടിയാണ് മണത്തോട്ടം സ്വദേശി സുധീറിനെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ സുധീറിനെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ മറ്റ് യാത്രികര്‍ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടമുണ്ടായില്ല. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം ഏറി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു.