ആദ്യമൊക്കെ ആളുകൾ നൽകുന്ന തുകയായിരുന്നു വരുമാനം. എന്നാലും അയ്യായിരത്തിൽ കുറയാതെ ഓരോ സ്ഥലത്തുനിന്നും ലഭിച്ചിരുന്നു. ഇപ്പോൾ അത് പതിനയ്യായിരം രൂപ വരെയായി.
മാന്നാർ: മൊഞ്ചുള്ള മൈലാഞ്ചി ഡിസൈനുകളൊരുക്കി വിജയഗാഥ രചിക്കുകയാണ് മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഇൻഷാ ഫാത്തിമയും ചങ്ങനാശ്ശേരി എസ് ബി കോളജിൽ മൈക്രോ ബയോളജി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂൾ ക്ലാസ് മുതൽ ഒപ്പന മൽസരത്തിൽ പങ്കെടുത്തും ടീമംഗങ്ങൾക്ക് മൈലാഞ്ചി അണിയിച്ചും തന്റെ കലാവിരുതിന് തുടക്കം കുറിച്ച ഇൻഷാ ഫാത്തിമ തന്റെ അമ്മാവന്റെ മകൾ ഖദീജയുമായി ചേർന്ന് സഹപാഠികൾക്കും വീട്ടുകാർക്കും സ്നേഹ സമ്മാനമായി നൽകിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവർക്കൊരു വരുമാന മാർഗ്ഗമായി മാറുകയാണ്.
ബന്ധുക്കളുടെ വിവാഹചടങ്ങുകളിൽ കല്യാണപ്പെണ്ണിന് മൈലാഞ്ചി അണിയിച്ചതോടെ ഇവരുടെ ഡിസൈനിംഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവരെ തേടി എത്താനും തുടങ്ങി. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടി ആയപ്പോൾ ഇരുവരും ആത്മവിശ്വാസത്തിലായി. ഇന്ത്യൻ, അറബിക് ഡിസൈനുകളെ സമന്വയിപ്പിച്ചുള്ള ഇന്തോ അറബിക് ഡിസൈനുകൾക്ക് പ്രാധാന്യം നൽകിയാണ് ഇൻഷായും ഖദീജയും ഡിസൈനുകൾ ഒരുക്കുന്നത്.
ആദ്യമൊക്കെ മൈലാഞ്ചി ഇടുന്നതിന് റേറ്റൊന്നും പറയാതെ, തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു ഇൻഷായും ഖദീജയും ചെയ്തിരുന്നത്. എങ്കിലും അയ്യായിരത്തിൽ കുറയാതെ ലഭിക്കുമായിരുന്നു. നാലഞ്ച് മണിക്കൂറോളം ഒരേ ഇരുപ്പിരുന്ന് ചെയ്യേണ്ട ജോലിക്ക് അത് മതിയാകില്ലായിരുന്നു. എന്നാൽ ഇന്ന് പതിനയ്യായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ കൂലി. ഇവിടുത്തെ മാർക്കറ്റുകളിൽ ലഭിക്കുന്ന മൈലാഞ്ചി കോണുകളിൽ പലതും പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഗുണനിലവാരമുള്ള ഉയർന്ന ബ്രാന്റഡ് മൈലാഞ്ചി കോണുകളും അനുബന്ധ ലേപനങ്ങളും മറ്റും വിദേശത്ത് നിന്നുവരെ ഓൺലൈൻ വഴി എത്തിച്ച് ഉപയോഗിക്കേണ്ടി വന്നതോടെ ചെലവും വര്‍ധിച്ചുവെന്ന് ഇവർ പറയുന്നു.
കല്യാണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണവാട്ടിക്ക് മൈലാഞ്ചി അണിയിക്കും. അടുത്ത ദിവസങ്ങളിൽ വധുവിന്റെ ബന്ധുക്കൾക്ക് മൈലാഞ്ചി ഇടണം. അതിനനുസരിച്ചുള്ള ഡിസൈനുകളും റേറ്റുമാണ് നിശ്ചയിക്കുന്നത്. നേഴ്സിങ് മേഖലയിലെ ജോലിയാണ് സ്വപ്നമെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന മൈലാഞ്ചി ഡിസൈനിംഗ് ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ തന്നെയാണ് ഇൻഷാ ഫാത്തിമയുടെയും ഖദീജാ ഹാറൂണിന്റെയും തീരുമാനം.
മാന്നാറിലെ മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിലിന്റെയും സുരയ്യ ബഷീറിന്റെയും മകളാണ് ഇൻഷാ ഫാത്തിമ. മുഹമ്മദ് ഇഹ്സാൻ, ഹുസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. മാന്നാർ പുളിക്കലാലുമ്മൂട്ടിൽ ഹാറൂൺ മജീദിന്റെയും സാബിദ ഹാറൂണിന്റെയും മകളാണ് ഖദീജ ഹാറൂൺ. ഫാത്തിമ ഹാറൂൺ സഹോദരിയാണ്.


