കെട്ടിടനിർമാണ സ്ഥലങ്ങളിൽ വില കുറച്ച് സിമന്റ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. 

അമ്പലപ്പുഴ: കെട്ടിടനിർമാണ സ്ഥലങ്ങളിൽ വില കുറച്ച് സിമന്റ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറ പഞ്ചായത്ത് ഏഴാം വാർഡ് മടത്തറ കാര്യറമുറിയിൽ പറയാട്ട് (കൃഷ്ണാലയം) വീട്ടിൽ അഖിലിനെ (34) യാണ് അമ്പലപ്പുഴ എസ്എച്ച്ഒ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്. 

ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വളഞ്ഞവഴി സ്വദേശി ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത് എത്തിയ അഖിൽ രാംകോ സിമന്റിന്റെ സെയിൽസ് എക്സിക്യൂട്ടീവാണെന്ന് വിശ്വസിപ്പിച്ച് മാർക്കറ്റ് വിലയേക്കാൾ 50 രൂപ കുറച്ച് സിമന്റ് എത്തിക്കാമെന്നും സിമന്റ് വന്നതിനുശേഷം പണം ഗൂഗിൾ പേ ചെയ്താൽ മിതിയെന്നും പറഞ്ഞു. 

ഷംഷാദ് 100 ചാക്ക് സിമന്റ് ഓർഡർ ചെയ്തു. സിമന്റ് എത്തിച്ചെങ്കിലും വേരൊരു വീട്ടിലേക്കുള്ളതാണെന്ന് പറഞ്ഞ് ലോഡ് ഇറക്കിയില്ല. ഇവിടേക്കുള്ള സിമന്റ് ഉടൻ വരുമെന്ന് വിശ്വസിപ്പിച്ച് 32,000 രൂപ ഗൂഗിൾ പേവഴി വാങ്ങി മുങ്ങി. ഷംഷാദിന്റെ പരാതിയിൽ ചേർത്തലയിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

അഖിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. എസ്ഐ ടോൾസൺ പി ജോസഫ്, എഎസ്ഐ പ്രദീപ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അഖിലിനെ പിടികൂടിയത്. അമ്പലപ്പുഴ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

Read more: യോഗി സർക്കാറിന് അഖിലേഷിന്റെ പരിഹാസം; കാരണം മോഷണം, പക്ഷെ സ്വർണ്ണമോ പണമോ ഒന്നുമല്ല, വലിയ വിലയുള്ള മറ്റൊന്ന്!

അതേസമയം, ഇടുക്കിയിൽഎടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളില്‍ നേരത്തെ തന്നെ എത്തി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. 

ഇങ്ങനെയെത്തുന്ന ഇടപാടുകാരില്‍ നിന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ മെഷീനില്‍ ഇടും. തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ പറയും. എന്നാല്‍ പിന്‍ നമ്പര്‍ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനില്‍ കാണുന്നതോടെ ഇടപാടുകാരന്‍ കാര്‍ഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിന്‍വലിക്കുകയായിരുന്നു ഇയാളുടെ രീതി. പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും.