അപേക്ഷ നൽകുന്നതിന് പണം ഈടാക്കുന്ന സ്വകാര്യ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, വിവരങ്ങൾ അധികാരികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്

മലപ്പുറം: സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ അപേക്ഷ നൽകുന്നതിലും രേഖകൾ തയ്യാറാക്കുന്നതിലും സംരംഭകരെ ചൂഷണം ചെയ്യുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഇത് തീർത്തും നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി എം ഇ ജി പി പ്രകാരം വായ്പാ അപേക്ഷ തയ്യാറാക്കുന്നതിനും ബാങ്കുകളിൽ നൽകുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ, ഖാദി ബോർഡ്, ജില്ലാ ഓഫീസ് എന്നിവയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം അപേക്ഷ നൽകുന്നതിന് ഏതെങ്കിലും സ്വകാര്യ വ്യക്തികളെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. അപേക്ഷ നൽകുന്നതിന് യാതൊരു വിധ ഫീസും നൽകേണ്ടതില്ല. പി എം ഇ ജി പി പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ജില്ലാ കളക്ടറെയോ, വ്യവസായ കേന്ദ്രം ഓഫീസിലോ അറിയിക്കണം.

ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി എന്നതാണ്. ബില്യൺ ബീസ് കമ്പനി ഡയറക്ടർ മാരിൽ ഒരാളും പ്രധാനപ്രതി ബിബിന്റെ സഹോദരനുമായ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയായ കിഴക്കേ വളപ്പിൽ സുബിനെ (37) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിലൂടെ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട കാരുമാത്ര സ്വദേശി ഫെബ്രുവരി ഏഴിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്. കാരുമാത്ര സ്വദേശിയെ സുബിനും ബിബിനും ബിബിന്റെ ഭാര്യ ജയയും ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 2018 ഏപ്രിൽ മുതൽ 2023 ജനുവരി വരെ വിവിധ ബാങ്ക് അക്കൗണ്ടു കളിലേക്ക് പണം വാങ്ങി. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നൽകിയത്. പ്രതികൾ ഒളിവിലായിരുന്നു. സുബിൻ കോലോത്തുംപടിയിൽ വന്നതായി റൂറൽ എസ്‌ പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ്‌ പി കെ. ജി സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം