പ്രതി നൽകിയ മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു

തൃശൂർ: സൈക്കിൾ വർക്ക് ഷോപ്പിൽ നിന്ന് വൻവിലയുള്ള സൈക്കിളുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിൽ നിന്നുമാണ് ഇരുപതിനായിരം രൂപയോളം വില വരുന്ന 5 സൈക്കിളുകൾ യുവാവ് മോഷ്ടിച്ചത്. ആനാപ്പുഴ സ്വദേശി ആലപ്പാട്ട് വീട്ടിൽ അക്ഷയ്കുമാർ (21) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. മേത്തല എൽത്തുരുത്ത് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ ശശിയുടെ സൈക്കിൾ ഷോപ്പിൽ നിന്നാണ് വിവിധയാളുകൾ നന്നാക്കാനായി കൊടുത്തിരുന്നതും വർക്ക് ഷോപ്പിന് മുൻവശത്ത് സൂക്ഷിച്ചിരുന്നതുമായ 5 സൈക്കിളുകൾ ഏപ്രിൽ 20നും വൈകീട്ട് 06.00 മണിക്കും ഏപ്രിൽ 29നും രാവിലെ 09.00 മണിക്കും ഇടയിലായി മോഷണം പോയത്. 

ഈ ദിവസങ്ങളിൽ സൈക്കിൾ വർക്ക് ഷോപ്പ് തുറന്നിരുന്നില്ല. ഏപ്രിൽ 29ന് രാവിലെ വർക്ക് ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ, തോമസ്, സിപിഒമാരായ ഷിജിൻ നാഥ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം