ബാലുശ്ശേരിയില്‍ പെരുമ്പാമ്പിന്റെ കടിയേറ്റ രണ്ട് പേര്‍ ചികിത്സ തേടി. കണ്ണാടിപ്പൊയില്‍ സ്വദേശി കാപ്പിക്കുന്നുമ്മല്‍ ബിജു, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: ബാലുശ്ശേരിയില്‍ പെരുമ്പാമ്പിന്റെ കടിയേറ്റ രണ്ട് പേര്‍ ചികിത്സ തേടി. കണ്ണാടിപ്പൊയില്‍ സ്വദേശി കാപ്പിക്കുന്നുമ്മല്‍ ബിജു, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് സുധീഷിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് അയല്‍വാസിയായ ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് മൊബൈല്‍ വെളിച്ചത്തില്‍ പാമ്പിനെ തിരയുന്നതിനിടെ സുധീഷിന്റെ കൈയ്യില്‍ പാമ്പ് കടിച്ചു. സുധീഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബിജുവിന്റെ കാലിലും കടിയേറ്റത്. നല്ല മുറിവുണ്ടായതിനാല്‍ ഇരുവരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരെയു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് ഇടക്കിടെ പെരുമ്പാമ്പിനെ കാണാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.