ആലപ്പുഴയിലെ കൈചൂണ്ടിമുക്കിൽ തെരുവുനായ കുറുകെ ചാടിയുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി സ്വദേശി ഷിജാസ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡിലെ ഷിജാസ് (18) ആണ് മരിച്ചത്. അപകടത്തിനു ശേഷം നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഷിജാസ്, തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ മാസം മൂന്നിന് പുലർച്ചെ 3.20-ന് ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വന്ന ഇരുചക്ര വാഹനത്തിൽ തെരുവുനായ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന റിൻഷാദ് റഷീദ് (20), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സബീൽ (17) എന്നിവർ അപകട സ്ഥലത്തു തന്നെ മരിച്ചിരുന്നു.
കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകനാണ് ഷിജാസ്. ദുബൈയിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന മകന്റെ അപകട വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹന, ഐഷ, സന. വൈകിട്ടോടെ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ കബറടക്കം നടത്തി.
