കൊല്ലത്ത് അമ്മയെ മർദിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ യുവമോർച്ച നേതാവ് രാഹുൽ ക്രൂരമായി മർദിച്ചു. ഇതിന് പിന്നാലെ രാഹുലിന്റെ വീട് ആക്രമിച്ച അയൽവാസിയുടെ മകനും മർദനമേറ്റു. സംഭവത്തിൽ യുവമോർച്ച നേതാവിനെയും അയൽവാസിയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: അമ്മയെ മർദിച്ച യുവമോർച്ച നേതാവിനെ ചോദ്യം ചെയ്ത അയൽവാസിക്ക് ക്രൂരമർദനം. ഓടനാവട്ടം മണികണ്ഠേശ്വരം സ്വദേശി ബിനുവിനെ ആണ് യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പടിഞ്ഞാറെവിള വീട്ടിൽ രാഹുൽ ക്രൂരമായി മർദിച്ചത്. തലയ്ക്ക് പരുക്കേറ്റ ബിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അച്ഛനെ മർദിച്ചതിന് പകരം വീട്ടാൻ രാഹുലിൻ്റെ വീടും വാഹനവും തകർത്ത ബിനുവിൻ്റെ മകൻ വിജിത്തിനെയും രാഹുൽ ആക്രമിച്ചു.
രാഹുൽ അമ്മയുമായി വഴക്കിടുന്നത് പതിവാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസവും വീട്ടിലെത്തിയ രാഹുൽ അമ്മയുമായി വഴക്കിട്ടു. രാഹുലിന്റെ അമ്മയുടെ നിലവിളി കേട്ട് രാഹുലിന്റെ വീട്ടിലെത്തിയ ബിനു മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പ്രകോപിതനായ രാഹുൽ ബിനുവിനെ മർദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ചോദ്യം ചെയ്യാനായി ബിനുവിന്റെ മകൻ വിജിത്ത് രാഹുലിന്റെ വീട്ടിലെത്തി. എന്നാൽ രാഹുൽ ഇവിടെ ഉണ്ടായിരുന്നില്ല. ഇതോടെ രാഹുലിന്റെ വീടും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും വിജിത്ത് അടിച്ചുതകർത്തു. വീട്ടിൽ തിരിച്ചെത്തിയ രാഹുൽ പിന്നീട് വിജിത്തിനെ മർദിച്ചു. വിജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വിജിത്തിന്റെ പരാതിയിൽ പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തു. രാഹുലിൻ്റെ പരാതിയിൽ വിജിത്തും അറസ്റ്റിലായി. ഇരുവരെയും കോടതിയിൽ ഹാജരാക്കി.






