ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദന്‍ - അനിത ദമ്പതികളുടെ മകനാണ് ആദര്‍ശ്.

അതേസമയം, ഇടുക്കിയില്‍ അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ അറ്റുപോയിരുന്നു.