മാഹി സ്വദേശി ശ്രുതി ജിബിന്‍ വാങ്ങിയ മീനിന്‍റെ മുട്ടയിലാണ് കവര് പോലുള്ള പ്രകാശം കാണാൻ കഴിഞ്ഞത്

മാഹി: കടയിൽ നിന്ന് വാങ്ങിയ മത്തി നന്നാക്കുന്നതിനിടെ വെളിച്ചം പോയി. ചട്ടിയിൽ കണ്ടത് തിളങ്ങുന്ന മത്തി. അമ്പരന്ന് വീട്ടുകാർ. അപ്രതീക്ഷിതമായി കണ്ട പ്രകാശം പിന്നീട് വീട്ടുകാർ ലൈറ്റ് ഓഫ് ചെയ്ത് ഉറപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. തലശ്ശേരി എരഞ്ഞോളിയില്‍ നിന്ന് വാങ്ങിയ മത്തിയില്‍ നിന്നാണ് പ്രകാശം കണ്ടെത്. മാഹി സ്വദേശി ശ്രുതി ജിബിന്‍ വാങ്ങിയ മീനിന്‍റെ മുട്ടയിലാണ് കവര് പോലുള്ള പ്രകാശം കാണാൻ കഴിഞ്ഞത്. സംഭവത്തിന്റെ വീഡിയോയും വൈറലാവുന്നുണ്ട്. ഈ മത്തി കഴിക്കാനാവുമോയെന്ന സംശയത്തിലാണ് വീട്ടുകാരുള്ളത്.

മത്തി മത്സ്യത്തിൽ സ്വന്തമായി പ്രകാശം ഉണ്ടാക്കുന്ന ജീവിയല്ലെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് സംഭവിക്കാമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. കടലിൽ നിന്ന് മത്തിയെ പിടികൂടി അവ ചത്ത് കഴിയുമ്പോൾ ചില ബാക്ടീരിയകൾ മത്തിയുടെ ശരീരത്തിൽ വളരാൻ സാധ്യതയുണ്ട്. ഇരുട്ടിൽ ഈ ബാക്ടീരിയകളുടെ സാന്നിധ്യം മൂലം നീലയോ പച്ചയോ കലർന്ന വെളിച്ചം കാണാൻ ഇടയുണ്ട്. മീനുകളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി പ്രവർത്തിക്കുമ്പോഴും നേരിയ തിളക്കം ഉണ്ടാകാം.

മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ അമിതമായി ചേർക്കുമ്പോഴും പ്രതിപ്രവർത്തനം മൂലം ചിലപ്പോൾ വ്യത്യാസങ്ങൾ കണ്ടേക്കാം. എങ്കിലും പ്രകാശിക്കുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും കാരണം ബാക്ടീരിയകൾ തന്നെയാണ്. ബാക്ടീരിയകളുടെ അമിതമായ വളർച്ച മൂലമാണ് പ്രകാശമുണ്ടാകുന്നതെങ്കിൽ മീൻ അഴുകി തുടങ്ങി എന്നതിന്റെ സൂചനയാണ്. അതിനാൽ ഇത്തരം മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം