മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിക്കായി പഞ്ചായത്തിന്റെ സ്ഥലം കൈയേറുന്നതെന്നാണ് പരാതി.

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിൻ്റെ സ്ഥലം കൈയേറി സിപിഎം ഓഫീസ് നിർമ്മിക്കുന്നതായി പരാതി. സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഓഫീസിൻ്റെ മതിൽ പൊളിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി. ആരോപണമുയർന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സിപിഎം ജില്ല നേതൃത്വം അറിയിച്ചു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിക്കായി പഞ്ചായത്തിന്റെ സ്ഥലം കൈയേറുന്നതെന്നാണ് പരാതി. ഇതിനായി പഞ്ചായത്ത് ഓഫീസിൻ്റെ മതിൽ പൊളിച്ചു നീക്കിയിട്ട് മാസങ്ങളായി. ഇത് വീണ്ടും നിർമിച്ച് നൽകാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും ബിജെപി ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും സി പിഎം ഭരിക്കുന്ന പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി. അതേസമയം പ്രശ്നം നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് ബിജെപിയുടെ തീരുമാനം.