കാട്ടാന നശിപ്പിച്ച വീട്ടിൽ താമസിച്ചിരുന്ന പാർവതി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജോലി രാജി വച്ച് നാട്ടിലേക്ക് പോയത്.
വാൽപ്പാറ:കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയ്ക്ക് സമീപമുള്ള സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശങ്ങളിൽ ദിവസങ്ങളായി ഒറ്റയാന്റെ ശല്യം രൂക്ഷം. മൂന്ന് ദിവസം മുമ്പ്, പകൽ സമയത്ത് വീടിനടുത്തുള്ള ഒരു തേയിലത്തോട്ടത്തിൽ കയറിയ കാട്ടാന ഒരു മരത്തിൽ ഇടിച്ചുവീണിരുന്നു. ഈ സംഭവത്തെത്തുടർന്ന്, വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 3.30ഓടെ ജനവാസ മേഖലയിലെത്തിയ ഒറ്റയാൻ വീട്ടിൽ കയറി അടുക്കളയിൽ നിന്ന് ഭക്ഷണസാധനങ്ങൾ തിന്നുകയും ജനാലകളും വാതിലുകളും തകർക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. നാട്ടുകാർ വിവരം നൽകിയതിനേ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് കാട്ടാനയെ പ്രദേശത്ത് നിന്ന് ഓടിക്കുകയായിരുന്നു. മേഖലയിലെ വിവിധ എസ്റ്റേറ്റുകളിലെ വീടുകളിൽ ആനകൾ അതിക്രമിച്ചു കയറുന്നതായി റിപ്പോർട്ടുകളുണ്ട്. വനമേഖലയോട് ചേർന്നുള്ള വീടുകളിലാണ് കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്. കാട്ടാന നശിപ്പിച്ച വീട്ടിൽ താമസിച്ചിരുന്ന പാർവതി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജോലി രാജി വച്ച് നാട്ടിലേക്ക് പോയത്. കാട്ടാനയെത്തിയ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല.


