കൊല്ലേരിത്തറയിൽ സുകന്യയുടെ (78) രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
നെടുമ്പാശ്ശേരി: തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്ന് കളഞ്ഞതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യയുടെ (78) രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
വീട്ടിനുള്ളിൽ ഒളിച്ചിരുന്ന മോഷ്ടാവ് സുകന്യയുടെ മാല കവരുകയായിരുന്നു. കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ രക്ഷപ്പെട്ടു.
പ്രദേശത്ത് മോഷണങ്ങൾ പതിവായിട്ടും പരാതി നൽകിയിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതെന്നും നാട്ടുകാർ പറയുന്നു. മോഷണങ്ങൾ തടയാൻ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


