വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്
തൃശൂർ: കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. കാർ ഓടിച്ചിരുന്ന ആളും ഒപ്പമുണ്ടായിരുന്ന ആളുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ മരണവും പരിക്കും ഉണ്ടായത്. ഇവർ കോതമംഗലം സ്വദേശികളാണ് എന്ന് വിവരം ലഭിച്ചു.
കൺമുന്നിൽ അപകടം, പാഞ്ഞെത്തിയ നാട്ടുകാർക്ക് പരിക്കേറ്റവരെ പുറത്തെത്തിക്കാനായില്ല; 2 പേർ മരിച്ചു
കാർ ഓടിച്ചിരുന്ന ഷംസുദ്ദീനെന്ന ആളും ഒപ്പമുണ്ടായിരുന്ന അരുൺ ജോസഫുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷംസുദ്ദീനും അരുണിനുമൊപ്പം കാറിലുണ്ടായിരുന്ന കോതമംഗലം തലക്കോട് പുത്തൻ കുരിശു സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ എൽദോസ് ജോണി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടം സംഭവിച്ചത്. കുന്നംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ചാലിശ്ശേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാറിലുള്ളവരെ നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന കാറ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഷംസുദ്ദീന്റെയും അരുൺ ജോസഫിന്റെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
