ആരും കാണാതെ ലോറിയിലെത്തിച്ചു, ജനവാസ മേഖലയിൽ തള്ളി, പ്ലാനെല്ലാം പൊളിച്ചത് ഒരു ബില്ല്, മാലിന്യം തള്ളിയതിൽ കേസ്
നഗരത്തിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളിയ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു
കോഴിക്കോട്: നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളിയ രണ്ട് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പുതുപ്പാടി എലോക്കര കുന്നിക്കല്‍ റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി സുഹൈബ് എന്നിവര്‍ക്കെതിരെയാണ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്തത്.
പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട എട്ടേക്കര്‍ ഭാഗത്താണ് ലോറിയില്‍ എത്തിച്ച മാലിന്യം തള്ളിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിന്റെ വിലാസമടങ്ങിയ ബില്ലുകൾ ലഭിക്കുകയും ഇവിടെ ബന്ധപ്പെട്ടപ്പോള്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതാണെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മാലിന്യം എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച നാട്ടുകാര്‍ വിവരം താമരശ്ശേരി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുക്കുകയും മാലിന്യം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാത്രിയോടെ മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്തു..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം