കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം
തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ ഭീകര അന്തരീക്ഷമുണ്ടാക്കി. സംഭവത്തിൽ മൂന്ന് യുവാക്കള പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, തിരുവനന്തപുരത്ത്വീ ട് കയറി അക്രമണം നടത്തിയ കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ. വിളപ്പിൽശാല വിളപ്പിൽ വിട്ടിയത്ത് വീട് കയറി അക്രമണം നടത്തിയ അക്രമിസംഘത്തിലെ മുഖ്യപ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള വിളപ്പിൽ വില്ലേജിൽ പേയാട് ഐശ്വര്യാ നിവാസിൽ അമൽ (27), മലയിൻകീഴ് അരുവാക്കോട് ഊരുട്ടമ്പലം നീറമൺകുഴി എം ഐ ആർ കോട്ടേജിൽ ബ്ളെസ്സൻ ദാസിനെ(26)യുമാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്ത് വിളപ്പിൽശാല പൊലീസ്
നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്ന് സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധയിടങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ പഞ്ചായത്ത് മെമ്പറായ അസീസിന്റെ വീടാണ് പ്രതികൾ അക്രമിച്ചത്. അസീസിൻ്റെ മകനും പ്രതികളും തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. വെട്ടുകത്തി, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറി ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതികൾ മയക്കു മരുന്നു കേസ്, വധശ്രമം എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. വിളപ്പിൽശാല സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, ബൈജു, സി പി ഒ മാരായ പ്രദീപ്, പ്രജു, അരുൺ, അഖിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

