വീട്ടുവളപ്പിൽ ആട് കയറി, അയല്‍വാസിയായ സ്ത്രീയെയും മകനെയും വിമുക്തഭടൻ മർദിച്ചതായി പരാതി
പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണൻ്റെ വീട്ടുവളപ്പിൽ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മർദനം.

എറണാകുളം: വീട്ടുവളപ്പിൽ ആട് കയറിയതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെയും മകനെയും വിമുക്തഭടൻ മർദ്ദിച്ചതായി പരാതി. എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനിൽ നിന്ന് മർദ്ദനമേറ്റത്. കേസിൽ പൊലീസ് തുടർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് വീട്ടമ്മ റൂറൽ എസ്പിക്ക് പരാതി നൽകി. നവംബർ അഞ്ചിനായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണൻ്റെ വീട്ടുവളപ്പിൽ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മർദനം. കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാൻ പതിനേഴുകാരൻ ശ്രമിച്ചു. ഇതോടെ രാധാകൃഷ്ണൻ പതിനേഴുകാരനെ മർദ്ദിച്ചു.
തടയാൻ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയിൽ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് രാമമംഗലം പോലീസ് മൊഴിയെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദ്ദിച്ചതിനും രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാൾ ഒളിവിൽ ആണെന്നും അന്വേഷണം തുടരുന്നു എന്നും പോലീസ് വ്യക്തമാക്കി.