തിരുവനന്തപുരം വെള്ളറടയിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്തെ പൈനാപ്പിൾ തോട്ടം ഭൂവുടമ കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചതായി കർഷകൻ പരാതി നൽകി. കർഷകനായ സഹായം പോലീസിനെയും കൃഷി ഓഫീസറെയും സമീപിച്ചു.
തിരുവനന്തപുരം: പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്തെ പൈനാപ്പിൾ തോട്ടം കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചതായി പരാതി. ഭൂവുടമ തന്നെയാണ് കൃഷി നശിപ്പിച്ചതെന്ന് ആരോപിച്ച് കർഷകൻ പോലീസിനും കൃഷി ഓഫീസർക്കും പരാതി നൽകി. കന്യാകുമാരി ജില്ലയിലെ മാത്തൂർ സ്വദേശിയും പൈനാപ്പിൾ കർഷകനുമായ സഹായമാണ് പരാതി നൽകിയത്. പാറശാല ചെറുവാരക്കോണം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെള്ളറട കത്തിപ്പാറയിലെ രണ്ടര ഏക്കർ ഭൂമിയിൽ ഇദ്ദേഹം കൃഷി ചെയ്തിരുന്ന പൈനാപ്പിൾ തോട്ടമാണ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്.
പ്രതിവർഷം 50,000 രൂപ പാട്ട വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്കാണ് സഹായം ഈ സ്ഥലം പാട്ടത്തിനെടുത്തിരുന്നത്. ഇതിൽ ഒരു ലക്ഷം രൂപ രണ്ട് തവണകളായി ഭൂവുടമയ്ക്ക് നൽകിയെന്നും, പാട്ടക്കാലാവധി രണ്ട് വർഷം പൂർത്തിയായിട്ടില്ലെന്നും സഹായം പറയുന്നു. തന്റെ അനുവാദമില്ലാതെ കൃഷിയിടത്തിൽ പ്രവേശിച്ച് കളനാശിനി ഉപയോഗിച്ചതിലൂടെ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും, ഇത് അന്വേഷിച്ച് ഭൂവുടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി വെള്ളറട പോലീസ് അറിയിച്ചു.


