തെരഞ്ഞെടുപ്പ് ദിവസം നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. 

കാസര്‍കോട് : ബേഡകത്തെ അഡീഷണല്‍ എസ്ഐ വിജയന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് ദിവസത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. ഇന്നലെയാണ് ബേഡകം അഡീഷണല്‍ എസ്ഐ വിജയനെ വിഷം കഴിച്ച നിലയില്‍ ക്വാര‍്ട്ടേഴ്സില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ്ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് ദിവസം നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കാന്‍ എസ്ഐ വിജയനെയാണ് ചുമതലപ്പെടുത്തിയത്. സിപിഎം പാര്ട്ടി തലത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ തലത്തിലും കേസില്‍ ഇടപെടലുണ്ടായതോടെ വിജയന്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെ കൊല്ലുമെന്ന് ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. യുഡിഎഫ് ബേഡകത്ത് വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.

YouTube video player