കുടിൽ എന്ന് പോലും പറയാൻ കഴിയാത്ത തരത്തിൽ ഷീറ്റ് കൊണ്ട് മറച്ച കൂരയിലായിരുന്നു എരുവ സ്വദേശി പ്രഭയും കുടുംബവും കഴിഞ്ഞിരുന്നത്
തിരുവനന്തപുരം: ലൈഫ് മിഷനിൽ വീട് നിർമ്മാണത്തിനുള്ള പണം അനുവദിച്ച് കിട്ടിയിട്ടും പണി പൂർത്തിയാക്കാനാവാതെ നിന്ന കുടുംബത്തെ സഹായിച്ച് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ വഴി കിട്ടിയ പണം പോരാതെ വന്നതാണ് വീട് പണിക്ക് തടസമായത്. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും സഹായിച്ചതോടെ എരുവ സ്വദേശി പ്രഭക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.
കുടിൽ എന്ന് പോലും പറയാൻ കഴിയാത്ത തരത്തിൽ ഷീറ്റ് കൊണ്ട് മറച്ച കൂരയിലായിരുന്നു എരുവ സ്വദേശി പ്രഭയും കുടുംബവും കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പം സഹോദരങ്ങളായ സുനി, ശാന്തി, സുനിൽ, മാതൃ സഹോദരി ചെല്ലമ്മ എന്നിവരുമുണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ ലഭിച്ചെങ്കിലും, ഈ തുക കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കായംകുളം കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെയും വാർഡ് കൗൺസിലർ അംബികയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിർമ്മാണത്തിനുള്ള ബാക്കി പണം കണ്ടെത്തിയത്. അപ്പോൾ തീരദേശ സംരക്ഷണ നിയമം വില്ലനായെത്തി. കരിപ്പുഴ തോടിനോട് ചേർന്ന പുരയിടമായതിനാൽ തീരദേശ സംരക്ഷണ നിയമം പ്രകാരം ഇവിടെ നിർമ്മാണം നടത്തുന്നതിന് തടസ്സം നേരിട്ടു. തുടര്‍ന്ന് വാർഡ് കൗൺസിലർ തന്നെ മുന്നിട്ടിറങ്ങി പ്രശ്നം പരിഹരിക്കുകയായിരുന്നു.
പ്രഭയ്ക്കും കുടുംബത്തിനുമായി 12 ലക്ഷം രൂപ ചിലവിലാണ് ഇവിടെ വീട് നിർമ്മിച്ച് നൽകിയത്. വീടിൻറെ താക്കോൽ ദാന കർമ്മം മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ നിര്‍വഹിച്ചു. ഭവന നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ അമ്പിളി അധ്യക്ഷത വഹിച്ചു.
