കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. വെള്ളത്തിന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിയിരുന്ന 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലാണ് ജഡം കണ്ടെത്തിയത്. ജീവനക്കാര്‍ പൈപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് അസഹനീയമായ ദുര്‍ഗന്ധമുണ്ടായതോടെയാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ജഡത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഴുകിയ നിലയിലായിരുന്നു ജഡം.

ഉടന്‍ തന്നെ ഈ ടാങ്കില്‍ അവശേഷിച്ചിരുന്ന വെള്ളം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞ് ജഡം പുറത്തെടുത്ത് ക്ലോറിനേഷന്‍ പ്രവര്‍ത്തനം നടത്തി. അതേസമയം ശുചീകരണപ്രവര്‍ത്തി നടക്കുന്നതിനാല്‍ കളക്ടറേറ്റില്‍ മണിക്കൂറുകളോളം ജലവിതരണം തടസപ്പെട്ടു. ഇതോടെ ജീവക്കാരും ദുരിതത്തിലായി. ഈ ടാങ്കിലെ വെള്ളം കുടിക്കാനുള്ള ആശ്യത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നും ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായും എഡിഎം പി സുരേഷ് അറിയിച്ചു.