കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കാനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തൃശൂര്‍: നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസിനെയാണ് (30) മതിലകം പോലീസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്തുനിന്നുമാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ് (40), ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കാനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച രാം വിലാസ്, തുടര്‍ന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു.
പിടിച്ചുമാറ്റാന്‍ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും പ്രതി ആക്രമിച്ചു. തുടര്‍ന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ എറണാകുളത്തു നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. രാംവിലാസ് മതിലകം പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമ കേസുകളിലും അഞ്ച് അടിപിടി കേസുകളിലും അടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയും മൂന്ന് തവണ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതി കൂടിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. രതീഷ് കുമാര്‍ ആര്‍, മതിലകം പോലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍, മതിലകം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. നസിയ എം. സാഹിബ്, എസ്.ഐ. സഞ്ജയ്, ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മിഥുന്‍ ആര്‍. കൃഷ്ണ, ഷനില്‍, മുഹമ്മദ് സന്‍സില്‍, സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


