ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മുനിസിപ്പാലിറ്റി ചെയർമാനെ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറി എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുനിസിപ്പാലിറ്റി ചെയർമാനെയാണ് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിച്ചു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് മുനിസിപ്പാലിറ്റി ചെയർമാൻ മര്യാദയില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ബഹിഷ്കരണ നടപടി സംഘടിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യനിർവഹണത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ പറഞ്ഞു.

ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതവും പരസ്പര ബഹുമാനം നിലനിൽക്കുന്നതുമായ തൊഴിൽസാഹചര്യം ഉറപ്പാക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണെന്നും, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് തുടർന്നും സ്വീകരിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, ഡോക്ടര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ച് നഗരസഭാ ചെയര്‍മാനും രംഗത്തെത്തിയിരുന്നു.