മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ ഉയര്‍ന്ന ശബ്ദനില രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇനി ശബ്ദവര്‍ദ്ധക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ നിയമപരമായ ബാദ്ധ്യതയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നുള്ള അതിരൂക്ഷമായ ശബ്ദമലിനീകരണത്തിനെതിരെ പരിസരവാസിയായ ജയന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ ഉയര്‍ന്ന ശബ്ദനില രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇനി ശബ്ദവര്‍ദ്ധക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
പരാതിക്കാരനായ ജയനും കുടുംബത്തിനും ശബ്ദമലിനീകരണം കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ എടവണ്ണ പൊലീസ് നേരിട്ട് ഇടപെട്ട് നിയമനടപടികള്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ, പരാതിയില്‍ ഉന്നയിച്ചിട്ടുള്ള സ്വകാര്യതാ ലംഘനം, സി.സി.ടി.വി ക്യാമറകളുടെ അനുചിതമായ ഉപയോഗം, പൊതുവഴി ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്നിവയും പോലീസ് നിഷ്പക്ഷമായി പരിശോധിച്ച് പരിഹരിക്കണം. പൗരന്റെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ എടവണ്ണ എസ്.എച്ച്.ഒ കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ എടുത്തുപറയുന്നു.


