വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയിൽ അനിൽ - ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.
തൃശൂർ: വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയിൽ അനിൽ - ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. എട്ട് പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇടവകയിലെ കരോൾ ഗായിക സംഘത്തോടൊപ്പം രാത്രി 12ന് വീട്ടിൽ നിന്നും പോയതായിരുന്നു അനിലും കുടുംബവും.
തിരിച്ച് ഒന്നരയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് വീട് തകർത്ത് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിനകത്ത് പല മുറികളിലായി വെച്ചിരുന്ന ആഭരണങ്ങളും പണവും ആണ് മോഷണം പോയത്. മോഷണ ശേഷം വീടിനകത്ത് മുളകുപൊടി വിതറിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്.പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, എസ് ഐ ബിബിൻ ബി നായർ, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, അമ്പലപ്പുഴയില്‍ നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങളുടെ പ്രൊപ്പല്ലറുകളും പെട്രോളും കവർന്നു. പുറക്കാട് ജംഗ്ഷന് തെക്ക് ഭാഗത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളില്‍ നിന്നാണ് വ്യാപക മോഷണം നടന്നത്. മത്സ്യബന്ധനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ട് നങ്കൂരമിട്ടിരുന്ന വള്ളങ്ങളിലാണ് മോഷണം നടന്നത്. വേദവ്യാസൻ, ജപമാല രാജ്ഞി, ജോയൽ, കൈരളി എന്നീ ഫൈബർ വള്ളങ്ങളുടെ പ്രൊപ്പല്ലറുകളാണ് കവർന്നത്. ഇതിൽ വേദവ്യാസൻ വളളത്തിൽ മത്സ്യബന്ധനത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ പെട്രോളും കവർന്നു. മറ്റൊരു പ്രൊപ്പല്ലർ അഴിച്ച് മാറ്റാനും ശ്രമിച്ചു. രാവിലെ തൊഴിലാളികൾ ജോലിക്ക് പോകാനായി എത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ട വിവരമറിയുന്നത്.
ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 20 ഓളം തൊഴിലാളികളാണ് ഒരു വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോകുന്നത്. മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടതോടെ നാല് വള്ളങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും നിലച്ചു. പ്രദേശത്ത് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാണ്. ഇത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
