പേരാമ്പ്രയിൽ വയോധികയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വഴ്ച രാവിലെയാണ് പത്മാവതിയെ നാട്ടുകാർ പേരാമ്പ്ര ഇഎംഎസ് സകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ വൈകീട്ടോടെ മരണം സംഭവിച്ചു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ലിനീഷ് നാട്ടുകാരോട് പറഞ്ഞത്. എന്നാൽ പത്മാവതിയുടെ മുഖത്തും തലയിലും ക്ഷതമേറ്റ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയും ഇക്കാര്യം പൊലീസുമായി പങ്കുവെക്കുകയും ചെയ്തു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ തലയ്ക്ക് പിറകിലേറ്റ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. വീഴ്‌ചയിൽ സംഭവിച്ച പരിക്കല്ലെന്നും മരണത്തിന് മുൻപ് വയോധികയ്ക്ക് മർദനമേറ്റെന്നും ഉറപ്പായതോടെയാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടനെ ലിനീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.
സ്ഥിരം മദ്യപാനിയായ ലിനീഷ് വീട്ടിൽ മദ്യപിച്ചെത്തി പത്മാവതിയെ മർദിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. മകനെ പേടിച്ച് പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലാണ് ഉറങ്ങിയിരുന്നത്. വിമുക്ത ഭടനായിരുന്ന അച്ഛൻ്റെ പേരിൽ ലഭിച്ചിരുന്ന പെന്‍ഷനും സ്വത്തിനും വേണ്ടിയാണ് ലിനീഷ് അമ്മയെ നിരന്തരം ഉപദ്രവിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അവരെ ക്രൂരമായി മര്‍ദ്ദിച്ചു. ശക്തിയായ അടിയേറ്റ് പത്മാവതിയുടെ മുഖത്ത് പരിക്കേറ്റു. പിന്നീട് തല പിടിച്ച് കാല്‍മുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുട്ടുകൊണ്ട് വയറിന്റെ മുകള്‍ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകള്‍ തകര്‍ന്നത്. വീട്ടില്‍ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



