പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി - വിലങ്ങാടി വനഭാഗത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം
പുല്‍പ്പള്ളി: വനപ്രദേശത്തിനടുത്ത റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്ക് മുമ്പിലെത്തി കാട്ടാന. തലനാരിഴക്കാണ് ആനക്ക് മുമ്പില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റതായി വനംവകുപ്പ് അറിയിച്ചു. പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി - വിലങ്ങാടി വനഭാഗത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രികനായ പുല്‍പ്പളളി പാളക്കൊല്ലി വാഴപ്പള്ളി വീട്ടില്‍ ജോസ് (52) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആന ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതിന് മുമ്പ് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ വാഹനം താഴെയിട്ട് ജോസ് ഓടിമാറുകയായിരുന്നു.
പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ വീണതെന്നാണ് കരുതുന്നത്. ചേകാടി മേഖലയില്‍ വനത്തലൂടെയും വനത്തിന് സമീപത്ത് കൂടിയുമൊക്കെയുള്ള റോഡുകളില്‍ എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നതാണ് അവസ്ഥ. മുമ്പും ഈ മേഖലയില്‍ വാഹനയാത്രികര്‍ക്ക് നേരെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചേകാടി വിലങ്ങാടി റൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
