കാട്ടുകൊമ്പൻ ചില്ലിക്കൊമ്പൻ്റെ അപ്രതീക്ഷിത വേർപാടിൽ കണ്ണീരോടെ വന്യജീവി സ്നേഹികളും പ്രകൃതിപ്രേമികളും. നെല്ലിയാമ്പതിയിലെ കാവൽക്കാരന് ആദരാഞ്ജലികൾ നേർന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്ത്. 

പാലക്കാട്: നെല്ലിയാമ്പതിയിലെ കാട്ടുകൊമ്പൻ ചില്ലിക്കൊമ്പൻ്റെ വേർപാടിൽ കണ്ണീരോടെ വന്യജീവി സ്നേഹികളും പ്രകൃതിപ്രേമികളും. നെല്ലിയാമ്പതിയുടെ രാജാവായി നടന്ന ചില്ലിക്കൊമ്പൻ ഓർമ്മകളിൽ എന്നും ജീവിക്കുമെന്ന് ചില്ലിക്കൊമ്പൻ്റെ ആരാധകർ. 'നെല്ലിയാമ്പതിയുടെ രാജകുമാരൻ' എന്നും 'നെല്ലിയാമ്പതിയുടെ കാവൽക്കാരൻ' എന്നും വിശേഷണമുള്ള കൊമ്പൻ്റെ വിയോഗത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വൈകാരിക കുറിപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

"പ്രിയപ്പെട്ട ചില്ലിക്ക് കണ്ണീരിൽ കുതിർന്ന വിട… എത്ര തവണ കണ്ടുവെന്നും, എത്ര ചിത്രങ്ങൾ പകർത്തിയെന്നതിനും കയ്യും കണക്കുമില്ല… നെല്ലിയാമ്പതിയുടെ രാജാവായി നടന്ന ആ ചില്ലിക്കൊമ്പൻ ഓർമ്മകളിൽ എന്നും ജീവിക്കും..."- അഭിജിത്ത് വാര്യർ ഫേസ്ബുക്കിൽ ചില്ലിക്കൊമ്പന്റെ ചിത്രങ്ങൾ സഹിതം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡോ. മെക്കാനിക്ക് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലെ ചില വരികൾ ഇങ്ങനെ: "ചില്ലിക്കൊമ്പൻ ചരിഞ്ഞു എന്ന വാർത്ത നെഞ്ചുപൊള്ളിക്കുന്നതാണ്. ഇനി നെല്ലിയാമ്പതിയുടെ കാട്ടുപാതകളിൽ ആ തലപ്പൊക്കം കാണാനില്ലെന്നും സൗമ്യതയുടെ ആ പ്രതീകത്തിന് കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ".

നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവൻ നടന്നു വരുമ്പോൾ അത് കേവലം ഒരു കാഴ്ച്ചയല്ലെന്ന് ലിസൻ റോസ് റഹീസ് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. "നെല്ലിയാമ്പതിയുടെ കാവൽക്കാരന് വിട... ചില്ലിക്കൊമ്പൻ, തേയിലത്തോട്ടങ്ങൾ അതിരിട്ട മൺവഴികളിലൂടെ, നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവൻ നടന്നു വരുമ്പോൾ അത് കേവലം ഒരു കാഴ്ച്ചയല്ല... ആ മലനിരകളുടെ ഗാംഭീര്യം മുഴുവൻ ആവാഹിച്ച ഒരു രാജകീയ എഴുന്നള്ളത്താണ്! ​കാടിന്റെയും നാടിന്റെയും അതിരുകളിൽ അവൻ എന്നും നെല്ലിയാമ്പതിയുടെ കാവൽക്കാരനാണ്. ശാന്തനെങ്കിലും ഉള്ളിലെ വന്യത ഒട്ടും ചോർന്നുപോകാത്ത നമ്മുടെ സ്വന്തം ചില്ലിക്കൊമ്പൻ. നെല്ലിയാമ്പതിയുടെ തേയിലത്തോട്ടങ്ങളിലെ സുപരിചിതമായ ആ ഗാംഭീര്യമാർന്ന കാഴ്ച്ച ഇനിയില്ല. ആളിയാർ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നമ്മുടെ സ്വന്തം ചില്ലിക്കൊമ്പൻ ഓർമ്മയായി. കാടിന്റെ വന്യതയും നെല്ലിയാമ്പതിയുടെ ഭംഗിയും ഒരുപോലെ ഒത്തുചേർന്ന ആ രൂപം ഇനി കൺമുന്നിൽ എത്തില്ലെങ്കിലും, ആ മലനിരകളെ സ്നേഹിക്കുന്ന ഏവരുടെയും മനസ്സിൽ ചില്ലിക്കൊമ്പൻ എന്നും ജീവിക്കും. ആദരാഞ്ജലികൾ..."- അദ്ദേഹം കുറിച്ചു.

നെല്ലിയാമ്പതിയിലെ സ്ഥിരസാന്നിധ്യം

നെല്ലിയാമ്പതി മേഖലയിലെ സ്ഥിരസാന്നിധ്യമായിരുന്ന ചില്ലിക്കൊമ്പൻ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമായിരുന്നു. പതിവായി ജനവാസമേഖലയിൽ ഇറങ്ങിയിരുന്ന ചില്ലിക്കൊമ്പൻ ശാന്തസ്വഭാവക്കാരനാണ്. ഇതുതന്നെയാണ് അനേകം പേർക്ക് ചില്ലിക്കൊമ്പൻ പ്രിയങ്കരനാകാനും കാരണം. നെല്ലിയാമ്പതിയിലെ കാവൽക്കാരനെന്നാണ് കൊമ്പനെ വന്യജീവി സ്നേഹികളും പ്രകൃതിപ്രേമികളും വിശേഷിപ്പിക്കുന്നത്. കൊമ്പൻ്റെ ചിത്രങ്ങൾ പകർത്താനും പങ്കുവെക്കാനുമായി നിരവധി പേർ നെല്ലിയാമ്പതിയിൽ എത്തുമായിരുന്നു.

ഒഴുക്കിൽപെട്ട് ചരിഞ്ഞ കൊമ്പൻ

പറമ്പിക്കുളം വന്യജീവം സങ്കേത്തതിന് താഴെ സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ആളിയാർ ഡാമിലുള്ള കോണ്ടൂർ കനാലിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോഴാണ് ചില്ലിക്കൊമ്പൻ അപ്രതീക്ഷിത ഒഴുക്കിൽപെട്ടത്. പതിവായി ഈ മേഖലകളിൽ കൊമ്പൻ എത്തിയിരുന്നു. വെള്ളം കുടിക്കുന്നതിനിടെ വഴുതി ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൊമ്പൻ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒഴുക്കിൽപെട്ട കൊമ്പനെ കണ്ട ആളുകൾ ബഹളം വെക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.