കൊല്ലം പുനലൂരിൽ അജ്ഞാത സംഘത്തിൻ്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. വഴിയരികിൽ സംസാരിച്ചിരുന്ന നാലുപേരെ ആണ് വീടന്വേഷിച്ച് കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ അക്രമികൾക്കായി അന്വേഷണം. 

കൊല്ലം: വീടന്വേഷിച്ച് കാറിലെത്തിയ നാലംഗ സംഘം വഴിയരികിൽ സംസാരിച്ചിരുന്ന നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. പുനലൂർ തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു. വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.

നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.