പ്ലാമരത്തോട് ഉന്നതിയിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ 120 കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആരെല്ലാമലയുടെ മുകളിലുള്ള വനപ്രദേശത്തെ രണ്ട് തോട്ടങ്ങളിലായാണ് ചെടികൾ കണ്ടെത്തിയത്.
പാലക്കാട്: പ്ലാമരത്തോട് ഉന്നതിയിൽ കണ്ടെത്തിയ 120 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 5.20 ഓടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ് ലാസ് അലിയും സംഘവും പരിശോധന നടത്തുകയായിരുന്നു. പ്രത്യേക പരിശോധനക്കായി അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിലെ പ്ലാമരത്തോട് ഉന്നതിയിൽ എത്തിച്ചേർന്നു. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ വടക്ക് മാറിയുള്ള ആരെല്ലാമലയുടെ മുകളിലുള്ള വനപ്രദേശത്ത് വച്ച് രണ്ട് തോട്ടങ്ങളിലായി ആകെ 120 കഞ്ചാവ് ചെടികളാണ് സംഘം പരിശോധനയിൽ കണ്ടെത്തിയത്. ഇതെത്തുടർന്ന് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം നശിപ്പിച്ചു. സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർ ജെ ആർ അജിത്ത്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ പ്രദീപ് ആർ, സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർ ഭോജൻ, എന്നിവർ പങ്കെടുത്തു.


