ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപ്പന നടത്താനെത്തിയ ഇയാളെ എക്സൈസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
നേമം: തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്പ് 2.641 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. അനീഷ് നേമം കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. ബാലരാമപുരം വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനിടയിലാണ് അനീഷ് പിടിയിലാകുന്നതും.
ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപ്പന നടത്താനെത്തിയ ഇയാളെ എക്സൈസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.641 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. വീടിനുള്ളിൽ പ്ലാസ്റ്റിക്ക് ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ഗോഡ്സ് ട്രാവൽസ് എന്ന സിനിമയുടെ സംവിധായനാണ് അനീഷ് അലിയെന്ന് എക്സൈസ് പറഞ്ഞു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ്, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിത എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
അതിനിടെ ചെങ്ങന്നൂരിൽ 9 ഗ്രാം മെത്താംഫിറ്റമിനുമായി പിരളശ്ശേരി സ്വദേശി അഖിൽ പ്രസന്നൻ(30) എന്ന യുവാവും എക്സൈസിന്റെ പിടിയിലായി. ബെംഗളൂരുവി. നിന്നും ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് എക്സൈസ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ.അനി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജഹാൻ, അബ്ദുൾ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ് കുമാർ, ഗോകുൽ, ശ്രീക്കുട്ടൻ, ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു.


