പാലക്കാട് അട്ടപ്പാടിയിൽ എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വൻതോതിൽ ചാരായവും വാഷും പിടികൂടി. അഗളി പുതൂർ താഴെചൂട്ടറയിലെ വനപ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന 162 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമാണ് കണ്ടെത്തി നശിപ്പിച്ചത്.
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും എക്സൈസിന്റെ ചാരായ വേട്ട. അഗളി പുതൂർ താഴെചൂട്ടറയിൽ നിന്നാണ് 162 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെത്തി നശിപ്പിച്ചത്. മലയും കാടും താണ്ടി എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇത്രയധികം അളവിൽ വാഷും ചാരായവും കണ്ടെത്തിയത്. ഉടമസ്ഥനില്ലാതെ വനപ്രദേശത്തെ നീർച്ചാലിന് സമീപത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിലും പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രെവെന്റീവ് ഓഫീസർ ജെ. ആർ. അജിത്തിൻറെ നേതൃത്തിലായിരുന്നു നടപടി. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ഭോജൻ, രങ്കൻ കെ. എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആനക്കട്ടിയിൽ നിന്നും 1735 ലിറ്റർ വാഷും ഇക്കഴിഞ്ഞ 14 ന് പൊട്ടിക്കൽ മലയിടുക്കിൽ നിന്ന് 800 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. സമാന രീതിയിൽ തന്നെ ബാരലുകളിൽ കുഴിച്ചിട്ട നിലയിലായിരുന്നു എക്സൈസ് സംഘം വാഷ് കണ്ടെത്തിയത്.


