നഗരത്തിൽ വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
ചേർത്തല: നഗരത്തിൽ വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വീട്ടിൽ പ്രിജിത്ത് (24), ചേർത്തല തെക്ക് പഞ്ചായത്ത് തെക്കുംമുറി നികർത്തിൽ വീട്ടിൽ നിഥിൻ (26) എന്നിവരാണ് പിടിയിലായത്.
ഓടി രക്ഷപ്പെട്ട ചേർത്തലതെക്ക് ചക്കാലവീട്ടിൽ ശ്രീകാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് പ്രത്യേക സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് ചേർത്തല നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപന നടത്തിയിരുന്ന ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നീരിക്ഷണത്തിലായിരുന്നു. ആറ് ലക്ഷം രൂപയിലേറെ വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. രക്ഷപെട്ട ശ്രീകാന്ത് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്.
Read more: വരും മണിക്കൂറുകളിൽ ഒമ്പത് ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പ്
ആന്റിനർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജി ഫെമിൻ, പ്രിവന്റീവ് ഓഫീസർ റോയി ജേക്കബ്ബ്, ജി അലക്സാണ്ടർ, ജില്ല ആന്റി നാർക്കോട്ടിക് എക്സൈസ് സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ സി എൻ ബിജുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് ദിലീഷ്, വിപിൻ വി കെ, കെ ടി കലേഷ്, അഗസ്റ്റിൻ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വി രശ്മി എന്നിവരും പങ്കെടുത്തു.
