വ്യാജ നീറ്റ് ഹാൾ ടിക്കറ്റ് ഉണ്ടാക്കി നൽകിയത് താനാണെന്ന് അക്ഷയ സെന്‍റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു

തിരുവനന്തപുരം/പത്തനംതിട്ട: നീറ്റ് വ്യാജ ഹാൾ ടിക്കറ്റില്‍ എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ സെന്‍റര്‍ ജീവനക്കാരിയുടെ തുറന്നുപറച്ചിൽ. വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കി നൽകിയത് താനാണെന്ന് അക്ഷയ സെന്‍റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍ററിൽ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുൻകൂറായി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ഗ്രീഷ്മ അപേക്ഷിക്കാൻ മറന്നുപോയി. ഹാൾ ടിക്കറ്റുകൾ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം എത്തി. ഇതോടെയാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. പത്തനംതിട്ട ആയതിനാൽ പരീക്ഷ എഴുതാൻ പോകില്ലെന്നാണ് കരുതിയത്. ഗൂഗിൾ സേർച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്‍റെ വിലാസം ഹാൾ ടിക്കറ്റിൽ വച്ചത്. എന്നാല്‍, ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല. അങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റിൽ പിടിവീണത്.

ഹാൾടിക്കറ്റിൽ കൃത്രിമം കാണിച്ചെങ്കിലും ബാർകോഡും സാക്ഷ്യപത്രവും ഗ്രീഷ്മ തിരുത്താൻ വിട്ടുപോവുകയായിരുന്നു. ഹാൾ ടിക്കറ്റിൽ മറ്റെല്ലാ ഇടങ്ങളിലും തിരുത്തൽ വരുത്തിയിരുന്നു. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർത്ഥി എത്തിയത്.

തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.