ഒരു വര്‍ഷം മുന്‍പ് റിയാസിന്റെ അവിചാരിതമായ മരണം ഭാര്യ ഫസീലയെയും മക്കളെയും തളര്‍ത്തിയെങ്കിലും സിംബയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ ഓര്‍മകളെ സജീവമാക്കി നിലനിര്‍ത്തുകയായിരുന്നു

കോഴിക്കോട്: നാല് വര്‍ഷം മുന്‍പാണ് കോഴിക്കോട് കരിക്കാംകുളം സ്വദേശിയായ റിയാസ് മക്കളായ റിഫയ്ക്കും റിഷയ്ക്കുമായി റഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുഞ്ഞിനെ നല്‍കിയത്. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ ആ പൂച്ചക്കുഞ്ഞിനെ സിംബ എന്ന് പേരിട്ട് വിളിക്കുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് റിയാസിന്റെ അവിചാരിതമായ മരണം ഭാര്യ ഫസീലയെയും മക്കളെയും തളര്‍ത്തിയെങ്കിലും സിംബയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ ഓര്‍മകളെ സജീവമാക്കി നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഈ കുടുംബത്തെ ഏറെ മനോവിഷമത്തിലാഴ്ത്തിയ രാത്രിയാണ് കടന്നുപോയത്. സിംബയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഏറെ വൈകി വീട്ടില്‍ അതിഥികള്‍ എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നുപോയിരുന്നതായി കുടുംബം പറയുന്നു. ഈ അവസരത്തില്‍ സിംബയും വീട്ടില്‍ വളര്‍ത്തിയിരുന്ന മറ്റൊരു പൂച്ചയും പുറത്തുപോയെന്നാണ് കരുതുന്നത്. അന്ന് രാത്രി തന്നെ പരിസര പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതിനാല്‍ തിരച്ചിലില്‍ അവരും പങ്കാളികളായി. 

സമൂഹമാധ്യമങ്ങളിലൂടെ വിവരം കൈമാറിയതിനെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ കണ്ടതായി പറഞ്ഞുകൊണ്ട് ഫോണ്‍കോള്‍ വരുന്നുണ്ടെന്ന് ഫസീല പറയുന്നു. ഈ സ്ഥലങ്ങളില്‍ പോയി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിയപ്പെട്ട റിയാസിന്റെ സമ്മാനമായി ലഭിച്ച ആ അരുമയെ തിരികെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ഉമ്മയും മക്കളും. സിംബയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കുമെന്ന പ്രതീക്ഷയില്‍ നാലാം ദിവസവും അവര്‍ തിരച്ചില്‍ തുടരുകയാണ്. ഫോണ്‍: 9847017003

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം