Asianet News MalayalamAsianet News Malayalam

കർഷകന്റെ മരണം: പന്നിയെ വെടിവച്ച് കൊല്ലാൻ രണ്ട് പേരെ നിയോഗിച്ച് വനംവകുപ്പ്

കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചിരുന്നു. 

Farmer killed: Forest department appoints two men to shoot wild boar
Author
Palakkad, First Published Nov 11, 2021, 4:29 PM IST

പാലക്കാട്: ഒലിപ്പാറയിൽ പന്നിയുടെ (Wild Boar) കുത്തേറ്റ് കർഷകൻ (Farmer) മരിച്ച സംഭവത്തിൽ പന്നിയെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് (Forest Department) തോക്ക് ലൈസൻസുള്ള രണ്ട് പേരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചിരുന്നു. അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് മരിച്ചത്. 75 വയസായിരുന്നു. രാവിലെ ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാണി മരിച്ചു.

അതേസമയം കഴിഞ്ഞമാസം കോഴിക്കോട് കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നിരുന്നു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെയാണ് കരയിൽ കയറ്റി വെടിവെച്ചു കൊന്നത്. 

വനം വകുപ്പ് ആർആർടിയുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിലുള്ള തങ്കച്ചനെത്തിയാണ് വെടിവെച്ചത്. പന്നിക്ക്  85 കിലോഗ്രാമോളം തൂക്കമുണ്ട്. ഇന്ന് രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷൻ ഓഫീസിലേക്ക് മാറ്റി. 

താമരശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ അതിക്രമം വർദ്ധിക്കുകയാണ്. രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നഷ്ടത്തിനിടയാക്കുന്നുണ്ട്. കാട്ടുപന്നികളെ വെടിവെയ്ക്കാൻ ഉത്തരവുണ്ടെങ്കിലും അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുന്നതോടെ കൃഷി മൊത്തത്തിൽ പന്നികൾ നശിപ്പിക്കുന്നതായും കർഷകർ പരാതിപ്പെടുന്നു. 

താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇതുവരെയും നാമമാത്രമായ കാട്ടുപന്നികളെ മാത്രമെ വെടിവെയ്ക്കാനായിട്ടുള്ളൂ. മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ എല്ലാ കൃഷിയും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.

Follow Us:
Download App:
  • android
  • ios