30 വർഷത്തിന്‌ ശേഷം ആദ്യമായി പുഞ്ചകൃഷി ഒഴിവാക്കിയിരിക്കുകയാണ് മുത്തങ്ങ മന്മഥൻമൂലയിലെ കർഷകർ

മുത്തങ്ങ: ഏറെ വേദനിപ്പിക്കുന്നതാണെങ്കിലും അവർ ആ തീരുമാനത്തിലെത്തി. 30 വർഷത്തിന്‌ ശേഷം ആദ്യമായി പുഞ്ചകൃഷി ഒഴിവാക്കിയിരിക്കുകയാണ് മുത്തങ്ങ മന്മഥൻമൂലയിലെ കർഷകർ. കൃഷിയിറക്കി വന്യമൃഗങ്ങൾക്ക് നശിപ്പിക്കാനിട്ട് കൊടുക്കാൻ വയ്യെന്നാണ് ഒരു കൂട്ടം കർഷകർ പറയുന്നത്. മുതൽപോലും തിരിച്ചുകിട്ടാനില്ലാത്ത കൃഷിക്ക് ഇല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.

ഈ വയലുകൾ കഴിഞ്ഞ മുപ്പതുവർഷമായി ഇങ്ങനെ കണ്ടിട്ടില്ല. പച്ചപ്പ് നിറഞ്ഞ് വെള്ളം കെട്ടിനിൽക്കുന്ന പുഞ്ചപ്പാടങ്ങളായിരുന്നു ഇവ. എന്നാൽ ഇത്തവണ വിളയിറക്കാനാകാതെ കിടക്കുകയാണ്. വനത്താൽ ചുറ്റപ്പെട്ട സ്ഥലമായിരുന്നെങ്കിലും കാവൽമാടങ്ങൾ കെട്ടിയും ഫെൻസിങ് ഒരുക്കിയും കർഷകർ കൃഷിചെയ്തുപോന്നതാണ്. വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ ഇത്തവണ ആരും പുഞ്ചകൃഷി ചെയ്യാൻ തയ്യാറാകാതിരിക്കുകയായിരുന്നു. 

നാല് ഭാഗത്തുനിന്നും കാട്ടാനയെത്തും. കൂടെ പന്നിയും മാനും മയിലും. കാവൽ കിടന്നാലും പകുതിപോലും നെല്ല് കിട്ടില്ല. മൻമഥൻമൂലയിൽ 30 ഏക്കർ വയൽ ഇത്തരത്തിൽ പുഞ്ചകൃഷിചെയ്യാതെ കിടക്കും. കൃത്യമായ സംരക്ഷണമൊരുക്കുകയാണെങ്കിൽ കൃഷിയിറക്കാൻ കർഷകർ ഒരുക്കമാണ്. എന്നാൾ വനംവകുപ്പ് അധികൃതർ ഇതിന് തയ്യാറാകില്ലെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം