ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചതിന് പിന്നാലെ അച്ഛനും മരിച്ചു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും അച്ഛനും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തിൽ റെജി (44) മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയും മരണപ്പെട്ടു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാരായണൻ.
കഴിഞ്ഞ ഒക്ടോബർ ആറാം തിയ്യതി, കൂത്താട്ടുകുളം വടകര റോഡിൽ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷട്ടർ പണിക്കാരനായിരുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച റെജിക്ക് പാലിയേറ്റീവ് കെയറിന്റെ സഹായവും ലഭ്യമാക്കിയിരുന്നു. ഭാര്യ: സിനി. ഒലിയപ്പുറം ആക്കത്തടത്തിൽ . എ.ആർ. നാരായണന്റെ ഭാര്യ സുമതി ചീരംകുന്നത്ത്. മക്കൾ: ജിഷ, പരേതനായ റെജി. മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം. നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പിൽ നടക്കും.


