അടഞ്ഞു കിടക്കുന്ന മൊബൈൽ കടകളിൽ നിന്നും പുക ഉയരുന്നുണ്ട്. അഞ്ചു ഫയർ യൂണിറ്റുകൾ തീ അണക്കുന്നുണ്ട്. 

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ തീപിടുത്തം. മൊഫ്യൂസൽ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായത്. രാവിലെ അട‍ഞ്ഞുകിടന്ന മൊബൈൽ ഷോപ്പുകളിൽ നിന്ന് പുക ഉയരുകയായിരുന്നു. ഒരു കട പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. 

ചുമട്ടുതൊഴിലാളികളാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ഇവർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ചു ഫയർ യൂണിറ്റുകൾ ഉടൻ സ്ഥാലത്തെത്തി തീണയ്ക്കാൻ ശ്രമം ആരംഭിച്ചു. പകലാണ് അപകടമുണ്ടായത് എന്നതിനാൽ സമീപത്ത് ആളുകൾ ഉണ്ടായതും ഇവരുടെ ശ്രദ്ധയിൽ പെട്ടതുമാണ് വലിയ ഒരു അപകടം ഒഴിവാകാൻ കാരണമായത്. 

മറ്റ് കടകളിലേക്ക് പടരും മുമ്പ് തീയണയ്ക്കാൻ സാധിച്ചതിനാൽ വലിയ നാശനഷ്ടങ്ങക്ഷൾ ഒഴിവായി. അത്യാ​ധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഫയർഫോഴ്സ് ജീവനക്കാർ കടയ്ക്കുള്ളിൽ പ്രവേശിച്ച് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.